പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് പൊലീസിന്റെ നടപടികളെ അവർ വിമർശിച്ചത്. സാധാരണ പൗരന്മാരോട് പൊലീസ് ദയയില്ലാതെയും ക്രിമിനലുകളോടെന്ന പോലെയും പെരുമാറുകയാണെന്ന് നേഹ ബോറ ആരോപിച്ചു.

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകീട്ട് കോണാട്ട് പ്ലേസിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് നേഹയെ മുൻകരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവും ക്രമസമാധാനവും ഉറപ്പാക്കേണ്ടവർ തന്നെ നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കുകയാണെന്നാണ് അവരുടെ ആരോപണം.

സ്ത്രീകളെ സൂര്യാസ്തമയത്തിന് മുമ്പ് മോചിപ്പിക്കണമെന്ന നിയമപരമായ നടപടിക്രമങ്ങൾ പൊലീസ് പാലിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുക്കുന്നവരെ രാത്രി മുഴുവൻ തടഞ്ഞുവെച്ചശേഷം അടുത്ത ദിവസമാണ് വിട്ടയക്കുന്നതെന്നും നേഹ പറഞ്ഞു. തടങ്കലിലായിരുന്ന സമയത്ത് ആരുമായും സംസാരിക്കാനോ അഭിഭാഷകനെ ബന്ധപ്പെടാനോ പൊലീസ് അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. സ്വന്തം നിയമസംഘത്തിന് തന്നെ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിക്കേണ്ടിവന്നതായും നേഹ വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ നടപടിയായ എസ്.ഐ.ആർ നിർത്തിവെക്കണമെന്നും നേഹ ആവശ്യപ്പെട്ടു. രാജ്യത്തെ സാധാരണ പൗരന്മാർക്ക് സമാധാനത്തോടെ ജീവിക്കാനും തങ്ങളുടെ വോട്ടവകാശം നിർഭയമായി വിനിയോഗിക്കാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.

നേഹ ബോറയുടെ പ്രസ്താവനയിലെ ആരോപണങ്ങളിൽ ഡൽഹി പൊലീസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക