പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. എസ്ഐആർ നടപടി റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെട്ടു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഡിഎംകെ എംപിമാരുടെ യോഗം ചേർന്നത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാൽ, യോഗത്തിൽ പ്രധാനമായും എസ്ഐആറാണ് ചർച്ചയായത്. ഇവിഎമ്മുകൾക്ക് പകരം പോസ്റ്റൽ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകാനും തീരുമാനിച്ചു. രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്സഭയിലും രാജ്യസഭയിലുമായി 30 എംപിമാരുള്ള ഡിഎംകെയുടെ നിലപാടുകൾ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണ ബില്ലിലും പാർട്ടി നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിർണായക ബില്ലുകളോടുള്ള ഡിഎംകെയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
