എന്നെ സ്നേഹിക്കുന്നവർക്കായി സിനിമയിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കും; ശബരിമല ദർശനം പൂർത്തിയാക്കി രവി മോഹൻ

ശബരിമല ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി തമിഴ് നടനും നിർമാതാവുമായ രവി മോഹൻ. തന്നെ സ്നേഹിക്കുകയും വളരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും വേണ്ടി സിനിമാരംഗത്ത് കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ശബരിമല സന്ദർശനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രവി മോഹൻ തന്റെ സന്ദേശം എക്‌സിൽ പങ്കുവെച്ചത്. “ഓരോ ദിവസവും കൂടുതൽ ശക്തനാകുകയാണ്. എനിക്ക് നിരുപാധികമായ സ്നേഹം നൽകുന്ന എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രതീക്ഷകളും പിന്തുണയുമാണ് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം,” അദ്ദേഹം കുറിച്ചു.

തന്റെ ആരാധകരിൽ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച താരം, “സ്വാമിയേ ശരണം” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ഈ വർഷം മേയ് മാസത്തിൽ ശബരിമല തീർഥാടനത്തിനായുള്ള വ്രതാചരണത്തിന്റെ ഭാഗമായി പവിത്ര മാല ധരിച്ച് രവി മോഹൻ ഉപവാസം ആരംഭിച്ചിരുന്നു. വ്യക്തിപരമായി വെല്ലുവിളികൾ നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും, ആത്മീയതയിലൂടെയും ഭക്തിയിലൂടെയും മാനസിക കരുത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ തീർഥാടനം എന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

അതേസമയം, അഭിനയരംഗത്തും തിരക്കേറിയ കാലഘട്ടത്തിലൂടെയാണ് രവി മോഹൻ കടന്നുപോകുന്നത്. സംവിധായകനായുള്ള ആദ്യ ചിത്രമായ ‘ആൻ ഓർഡിനറി മാൻ’ ഉൾപ്പെടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കോമഡി-ഡ്രാമയായിരിക്കും.

ഇതിനുപുറമെ, രാഘവ ലോറൻസ് നായകനും നിവിൻ പോളി വില്ലനുമായെത്തുന്ന ‘ബെൻസ്’ എന്ന ആക്ഷൻ ചിത്രത്തിലും രവി മോഹൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന്റെ വ്യാപ്തിയും സ്വാധീനവും വർധിപ്പിക്കുമെന്ന് നിർമ്മാതാവ് സുധൻ സുന്ദരം പ്രതികരിച്ചു.

വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് രവി മോഹനെന്നും, കലാമൂല്യമുള്ള സിനിമകളിലും വാണിജ്യ വിജയ ചിത്രങ്ങളിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണെന്നും നിർമ്മാതാവ് അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക