എഐ ചിത്രത്തിലൂടെ വ്യാജപ്രചാരണം; നിയമനടപടിയുമായി പി. ജയരാജൻ

സമൂഹമാധ്യമങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായി സിപിഐഎം നേതാവ് P. Jayarajan അറിയിച്ചു. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ച് നിൽക്കുന്നതായി തോന്നിക്കുന്ന വ്യാജ ചിത്രമാണ് ചില സമൂഹമാധ്യമ പേജുകൾ വഴി പ്രചരിപ്പിക്കപ്പെട്ടത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. ആർഎസ്എസ് ആക്രമണത്തിൽ വർഷങ്ങൾക്കുമുമ്പ് നഷ്ടമായ തന്റെ ഇടത് കൈയിലെ പെരുവിരൽ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിൽ തിരിച്ചെത്തിയതാണ് വ്യാജപ്രചാരണത്തിന്റെ ഏറ്റവും വലിയ തെളിവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

27 വർഷം മുമ്പ് തിരുവോണ നാളിൽ നടന്ന ആക്രമണത്തിലാണ് തന്റെ കൈവിരൽ നഷ്ടമായതെന്ന് ഓർമ്മിപ്പിച്ച പി. ജയരാജൻ, “എഐ സർജറിയിലൂടെ പ്രചാരകർ ആ വിരൽ തിരിച്ചുവെച്ചു തന്നിരിക്കുകയാണ്” എന്ന് പരിഹാസരൂപത്തിൽ പ്രതികരിച്ചു.

മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വ്യാജവിവരങ്ങളും കൃത്രിമ ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും, ‘ട്രിവാൻഡ്രം വൈബ്സ്’ ഉൾപ്പെടെയുള്ള ഇൻസ്റ്റാഗ്രാം പേജുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പി. ജയരാജൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക