ഒ.ജെ. ജെനീഷിന് മറുപടിയുമായി ചിന്ത ജെറോം; വയനാട് ദുരിതാശ്വാസ ഫണ്ടടക്കം ചൂണ്ടിക്കാട്ടി വിമർശനം

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജെനീഷിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചാണ് ചിന്ത ജെറോം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

‘യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്’ എന്ന തലക്കെട്ടോടെയാണ് ചിന്ത ജെറോം കുറിപ്പ് പങ്കുവെച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമായത് സ്വാഗതാർഹമാണെന്ന് പറഞ്ഞ ചിന്ത, ജനങ്ങളിൽ നിന്ന് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച വിവാദങ്ങൾ പോലെ സംസ്ഥാന ഖജനാവിനെയും ദുരുപയോഗം ചെയ്യരുതെന്ന് വിമർശിച്ചു.

മുൻ യൂത്ത് കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി മന്ത്രി സ്ഥാനം ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം പറഞ്ഞു. അതോടൊപ്പം, സോഷ്യൽ മീഡിയയിലൂടെ ലഹരി കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന പ്രമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിക്കിടെ ഉയർന്ന ഒരു സ്ത്രീവിരുദ്ധ മുദ്രാവാക്യം സംഘടന അംഗീകരിച്ചില്ലെന്നും അത് ആവർത്തിക്കരുതെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തിയതായും ചിന്ത ജെറോം കുറിപ്പിൽ വ്യക്തമാക്കി. സ്ത്രീവിരുദ്ധതയെ എതിർക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക