‘മെന്റൽ മാധി’യിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി നിവേത പേതുരാജ് തന്റെ കരിയറിലെ നിർണായക ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ഘട്ടത്തിൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതിനെ തുടർന്ന് അഭിനയം പൂർണമായും ഉപേക്ഷിക്കാൻ വരെ ആലോചിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. അവസരങ്ങൾ ലഭിക്കാതിരുന്നാൽ ഹിമാലയത്തിലേക്ക് പോയി ധ്യാനജീവിതം നയിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നിവേത പറഞ്ഞു.
2023ൽ ചില തെറ്റായ തീരുമാനങ്ങളും വ്യക്തിപരമായ കാരണങ്ങളും മൂലം കടുത്ത വിഷാദവും പരിഭ്രാന്തിയും നേരിട്ടതായി നിവേത വ്യക്തമാക്കി. ആ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ ഏറെ സമയമെടുത്തെന്നും അതിനിടയിലാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതെന്നും അവർ പറഞ്ഞു. പിന്നീട് സാഹചര്യങ്ങൾ മെച്ചപ്പെടുകയും പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്തതോടെ വീണ്ടും അഭിനയത്തിൽ സജീവമാകുകയായിരുന്നുവെന്നും നിവേത വ്യക്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ സ്വന്തം രൂപഭാവത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കകളുണ്ടായിരുന്നുവെന്നും ചുണ്ടുകൾക്ക് ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നുവെന്നും താരം പറഞ്ഞു. ഇതേക്കുറിച്ച് ഡോക്ടറുമായി സംസാരിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ആശയം ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തതായും നിവേത വ്യക്തമാക്കി.
സായി പല്ലവി, നിത്യ മേനോൻ തുടങ്ങിയ നടിമാർ സ്വാഭാവിക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നത് കണ്ടതോടെയാണ് സ്വന്തം രൂപത്തെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും നിവേത പറഞ്ഞു.
തനിക്ക് ചിലപ്പോഴുണ്ടായിരുന്ന വിചിത്രമായ അനുഭവങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തി. നെഗറ്റീവായി സങ്കൽപ്പിക്കുന്ന ചില കാര്യങ്ങൾ പിന്നീട് യാഥാർഥ്യമാകുന്നതായി തോന്നിയിട്ടുണ്ടെന്നും മുൻ കാമുകനുമായി ബന്ധപ്പെട്ടും സമാനമായൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. പിന്നീട് ഏറെക്കാലം അതേക്കുറിച്ച് ചിന്തിക്കുന്നത് നിർത്തിയെന്നും നിവേത വ്യക്തമാക്കി.
പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെ അതിജീവിച്ച് വീണ്ടും സിനിമകളിൽ സജീവമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ‘ആദർശ കുടുംബക്’ എന്ന ചിത്രത്തിൽ നിവേത പേതുരാജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
