‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല; അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി

‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കളിൽനിന്ന് തുടക്കത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി വിഷയം ഉന്നയിച്ചിരുന്നെങ്കിലും പല നേതാക്കളും ആദ്യം സംശയത്തോടെയാണ് സമീപിച്ചതെന്നും ഇപ്പോഴാണ് വിഷയത്തിൽ കൂടുതൽ പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണങ്ങളിൽ പ്രതിഷേധവുമായി ശക്തമായി രംഗത്തിറങ്ങുന്നതിന് പകരം വിഷയം വിശകലനം ചെയ്യുന്നതിലാണ് പാർട്ടിയിലെ ചില നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും രാഹുൽ ഗാന്ധി വിമർശിച്ചതായി റിപ്പോർട്ടുണ്ട്. ആരോപണങ്ങളിൽ പാർട്ടി നേതാക്കൾക്ക് വിശ്വാസമുണ്ടാകണമെന്നും വിഷയത്തിൽ ആത്മവിശ്വാസത്തോടെ നിലപാട് ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വോട്ടർപട്ടികയും സംബന്ധിച്ച് ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി യോഗത്തിലും ആവർത്തിച്ചു. വിഷയത്തിൽ പ്രതിഷേധവും പ്രതിരോധവും ശക്തമാക്കണമെന്ന് അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ എസ്‌ഐആർ നടപടികൾ നിയമാനുസൃതമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടർപട്ടികയിലെ മാറ്റങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചത്. ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള നടപടികൾക്കും യോഗം പിന്തുണ നൽകി.

രാഹുൽ ഗാന്ധിയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നുണ്ടോ, അദ്ദേഹത്തിന്റെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ പാർട്ടി നേതാക്കളുടെ സമൂഹമാധ്യമ പ്രവർത്തനം നിരീക്ഷിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക