അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടി; മുന്നണിയിൽ കൂടിയാലോചനയോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് റോജി എം. ജോൺ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യങ്ങൾ പരിശോധിച്ചുകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രതികരിക്കേണ്ട വിഷയങ്ങളിൽ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ചാനലുകൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് പ്രതികരിക്കാനാകില്ലെന്നും റോജി എം. ജോൺ പറഞ്ഞു.

അതേസമയം, ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും നിയമനങ്ങളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വിമാനയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെപിസിസിയുമായി ചർച്ച വേണമെന്നും തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമായെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു.

അതിനിടെ, തലസ്ഥാനത്ത് നടന്ന സംഘർഷ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് റോജി എം. ജോൺ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചെന്നും ബിയർ കുപ്പികൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.

മന്ത്രി ജനീഷിനെതിരായ ഡിവൈഎഫ്‌ഐ ആക്രമണം ജനാധിപത്യവിരുദ്ധമാണെന്നും റോജി എം. ജോൺ പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളല്ലാത്തവർ താമസിക്കുന്നുണ്ടോയെന്നതടക്കം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക