തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഡി.കെ. ശിവകുമാർ

തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വി. അൻബുക്കുമാറിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. മന്ത്രിസഭാ അംഗങ്ങളും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിഷയത്തിൽ നടപടി ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

സമരം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏകദേശം രണ്ടര മണിക്കൂറോളം മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, നിയമപരമായ പോരാട്ടത്തിലൂടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകുമെന്ന ഉറപ്പ് ലഭിക്കുന്നതുവരെ താൻ പിന്മാറില്ലെന്ന് പറഞ്ഞു.

സിഇഒയുടെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന്, അതേക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വിഷയത്തിന്റെ ഗൗരവം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന മന്ത്രിസഭാ യോഗവും മുഖ്യമന്ത്രി നിർത്തിവെച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന ഫോം-7 നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിഷേധത്തിന് അടിസ്ഥാനമായത്.

സംഭവം കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

മറുപടി രേഖപ്പെടുത്തുക