മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. തന്റെ പ്രതികരണങ്ങൾ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ യു.ഡി.എഫ് യോഗം ഒരുതവണ മാത്രമാണ് ചേർന്നതെന്നും മുന്നണിയിൽ ആവശ്യമായ ചില കൂടിയാലോചനകൾ നടക്കാത്ത സാഹചര്യമുണ്ടെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. താൻ ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ഇക്കാര്യങ്ങൾ എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനമാനങ്ങൾ നൽകുന്നതിനെ എതിർക്കുന്നില്ലെന്നും എം.കെ. മുനീറും ജി. ദേവരാജനും മികച്ച നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിൽ വലിയ പ്രതിസന്ധികളൊന്നുമില്ലെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും എന്നാൽ താൻ ഉന്നയിച്ച വിമർശനങ്ങളുടെ കാര്യത്തിൽ ഒറ്റയ്ക്കാണ് നിലകൊള്ളുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
