ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. കഴിഞ്ഞ ദിവസം മൊഴിയെടുത്തതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. വി. അബ്ദുറഹ്മാന്റെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ സ്പെയിൻ സന്ദർശനവും എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി വി. അബ്ദുറഹ്മാൻ നേരത്തെ പ്രതികരിച്ചിരുന്നു. അർജന്റീന ടീമിന്റെ ഭാഗത്തുനിന്നാണ് വഞ്ചന ഉണ്ടായതെന്നും സാമ്പത്തിക ഇടപാടുകളിൽ നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ലെന്നാണ് തന്റെ ധാരണയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസിൽ കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറിവോടെയോ സഹകരണത്തോടെയോ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ജിഎസ്ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തിരുന്നു. സ്പോൺസർ സ്ഥാപനത്തിന് ചില ഉദ്യോഗസ്ഥർ അനുകൂല സഹായങ്ങൾ നൽകിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും നികുതി രേഖകളുടെയും വിശദമായ പരിശോധന തുടരുകയാണെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
