ഡൽഹി പൊലീസ് നടപടി അപലപനീയം; എം എ ബേബിയുടെയും ബൃന്ദാ കാരാട്ടിന്റെയും അറസ്റ്റിൽ പിണറായി വിജയൻ

ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ ഡൽഹിയിൽ മാർച്ച് നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു.

പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഗ്യാനേഷ് കുമാറിന്റെ നടപടികൾ ആ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്കായി ഉയരുന്ന ശബ്ദങ്ങളെ പൊലീസ് നടപടി ഉപയോഗിച്ച് അടിച്ചമർത്താമെന്നത് കേന്ദ്രസർക്കാരിന്റെ വ്യാമോഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക