സർവകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ കോഴ്‌സുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സിറിയയിലെ പുതിയ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന ചട്ടങ്ങളാണ് വിവാദമായത്. പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ ഭരണത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലെ കോഴ്‌സുകളെ നിയന്ത്രണങ്ങൾ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
സിറിയൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, നാഷണൽ യൂണിവേഴ്‌സിറ്റി ഫോർ ഡിഫൻസ് സയൻസസിൽ സൈനിക എൻജിനീയറിങ് ഉൾപ്പെടെയുള്ള ചില പഠനമേഖലകളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. നിയമം, സാമൂഹിക ശാസ്ത്രം, മാനേജ്‌മെന്റ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും നിയന്ത്രണങ്ങളുണ്ട്. സിറിയൻ യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസിലെ നിരവധി കോഴ്‌സുകൾ പുരുഷന്മാർക്കായി സംവരണം ചെയ്തിട്ടുണ്ടെങ്കിലും സൈബർ സുരക്ഷാ പഠനത്തിന് സ്ത്രീകൾക്ക് അവസരമുണ്ട്.
എണ്ണ, വാതകം, റെയിൽവേ ഗതാഗതം, റേഡിയോ, ടെലിവിഷൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ സാങ്കേതിക സ്ഥാപനങ്ങളെയും പുതിയ ചട്ടങ്ങൾ ബാധിക്കുന്നുണ്ട്. മുൻ അധ്യയന വർഷത്തിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചിരുന്ന ചില കോഴ്‌സുകൾക്കും ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പുതിയ ചട്ടങ്ങൾക്കെതിരെ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും വിമർശനം ഉയർന്നിട്ടുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള പഠനമേഖല തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സർവകലാശാലാ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥിനികൾ പ്രതികരിച്ചു. 2025 മാർച്ചിൽ അംഗീകരിച്ച സിറിയയുടെ ഭരണഘടനാ പ്രഖ്യാപനം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
2024 ഡിസംബറിൽ ബഷാർ അൽ-അസദ് ഭരണകൂടം പുറത്തായതിനെത്തുടർന്നാണ് മുൻ ഹയാത്ത് തഹ്‌രീർ അൽ-ഷാം നേതാവായ അഹമ്മദ് അൽ-ഷറ അധികാരത്തിലെത്തിയത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടികൾ പുതിയ ഭരണകൂടത്തിന്റെ കാലത്ത് വർധിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
നിയമനിർവഹണ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിദ്യാഭ്യാസ മേഖലയിലെ പുതിയ നിയന്ത്രണങ്ങൾ വിവാദമാകുന്നത്. എന്നാൽ നിയമം, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്ക് രാജ്യത്തെ എല്ലാ സർവകലാശാലകളിലും സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മറ്റ് സ്ഥാപനങ്ങളിൽ ഇത്തരം കോഴ്‌സുകൾ ലഭ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
