ഉത്തർപ്രദേശിലെ നോയിഡ–ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ–ജെവാർ’ എന്ന പേരിടാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അദ്ദേഹം അറിയിച്ചു.
ഭരണത്തലവനെന്ന നിലയിൽ നരേന്ദ്ര മോദി 25 വർഷത്തെ പൊതുസേവനം പൂർത്തിയാക്കിയതിന്റെ ആദരസൂചകമായാണ് തീരുമാനമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദി, 2014 മുതൽ പ്രധാനമന്ത്രിയായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്ന പ്രമേയവും ഉത്തർപ്രദേശ് മന്ത്രിസഭ പാസാക്കി.
സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ജെവാർ ഭാവിയിൽ രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നായി ഉയരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വികസനവും പൈതൃകവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മോദിയുടെ നേതൃത്വത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
