മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കുകയാണെങ്കിൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നുവെന്ന് ആരോപിക്കുന്ന ‘വോട്ട് ചോരി’യിലൂടെയാണ് ഈ സർക്കാരുകളും അധികാരത്തിലെത്തിയതെന്നും ഹിമന്ത ആരോപിച്ചു.
കോൺഗ്രസും രാഹുൽ ഗാന്ധിയും തങ്ങളുടെ സർക്കാരുകളുടെ രാജിക്ക് തയ്യാറാകണമെന്നും തുടർന്ന് ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് ഹിമന്തയുടെ വെല്ലുവിളി. രാജ്യത്തുടനീളം അഞ്ച് വർഷത്തിലൊരിക്കൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്ഐആർ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ മാറ്റങ്ങൾ പരിഗണിക്കുമ്പോൾ എസ്ഐആർ നിർബന്ധമാണെന്നാണ് ഹിമന്തയുടെ വാദം. രാജ്യത്തെ ജനാധിപത്യം നിലനിൽക്കാനും ശക്തിപ്പെടാനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭീഷണിപ്പെടുത്താൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കഴിയില്ലെന്നും ഹിമന്ത വിമർശിച്ചു. വിദേശശക്തികളുടെ നിർദേശപ്രകാരമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും സാഹചര്യത്തിലേക്ക് നയിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ഹിമന്ത ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് ജനപിന്തുണയില്ലെന്നും രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ ആളുകൾ മാത്രമാണ് അദ്ദേഹത്തോടൊപ്പം ചേരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ വളർച്ചയെ എതിർക്കുന്നവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ഹിമന്ത ആരോപിച്ചു.
