ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം ഹിമന്ത ബിശ്വ ശർമ രാജിവെച്ച് മാതൃക കാണിക്കട്ടെയെന്നും അതിനുശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപിക്ക് നിലവിലുള്ള മൂന്ന് സീറ്റുകൾ കൂടി നഷ്ടപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.

പേപ്പർ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഹിമന്ത ബിശ്വ ശർമയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോകത്ത് ഏഴ് രാജ്യങ്ങളിൽ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വലിയ ജനാധിപത്യ രാജ്യങ്ങളിൽ പോലും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയെ താൻ പൂർണമായി പിന്തുണച്ചെന്ന വാദവും ചെന്നിത്തല തള്ളി. ഇരട്ടവോട്ടും കള്ളവോട്ടും തടയുന്നതിനും വ്യാജവോട്ടർമാരെ ഒഴിവാക്കുന്നതിനും യുഡിഎഫിന്റെ ഇടപെടൽ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞതാണ്. എന്നാൽ, എസ്‌ഐആറിനെ ന്യായീകരിച്ചിട്ടില്ലെന്നും കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുന്നത് പൗരന്മാരുടെ അവകാശമാണെന്നും അത് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പങ്കെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും ചെന്നിത്തല വിമർശനം ഉന്നയിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിയുന്ന ഒരാളെ എങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി കണ്ടെത്തിയതെന്ന് അത്ഭുതപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

മറുപടി രേഖപ്പെടുത്തുക