ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ പരാതി തള്ളി ഛത്തീസ്ഗഢ് മനുഷ്യാവകാശ കമ്മീഷൻ. രാവണന്റെ കോലം മാത്രം കത്തിക്കുന്നതെന്തുകൊണ്ടെന്നും അതിലും ക്രൂരമായ പ്രവൃത്തികൾ ചെയ്ത ദുര്യോധനന്റെ കോലം കത്തിക്കാത്തത് എന്തുകൊണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ ചോദ്യം. പരാതി ലഭിച്ചതോടെ കമ്മീഷൻ അധികൃതർ തന്നെ അമ്പരന്നുവെന്നാണ് റിപ്പോർട്ട്.
വർഷങ്ങളായി ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായാണ്. എന്നാൽ, ഈ ആചാരം രാവണനോടുള്ള അനീതിയാണെന്ന നിലപാടാണ് പരാതിക്കാരൻ ഉന്നയിച്ചത്. രാവണനെക്കാൾ ക്രൂരമായ പ്രവൃത്തികൾ ചെയ്തതായി പുരാണങ്ങളിൽ പറയുന്ന ദുര്യോധനന്റെ കോലം കത്തിക്കാത്തതിന്റെ കാരണവും പരാതിയിൽ ചോദിച്ചിരുന്നു.
പരാതി പരിഗണിച്ച കമ്മീഷൻ, തങ്ങളുടെ അധികാരപരിധി മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നും പുരാണകഥകളിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കുകയല്ല ചുമതലയെന്നും പരാതിക്കാരനെ അറിയിച്ചു. മനുഷ്യവിഭാഗത്തിൽപ്പെടാത്ത രാവണന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കമ്മീഷന്റെ അധികാരപരിധിയിൽ വരില്ലെന്നും വ്യക്തമാക്കി.
പരാതിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ അനുയോജ്യമായ മറ്റ് ഫോറങ്ങളെ സമീപിക്കാമെന്നും കമ്മീഷൻ നിർദേശിച്ചു. കാൽനൂറ്റാണ്ടിനിടെ ലഭിച്ച ഏകദേശം 74,000 പരാതികളിൽ ഏറ്റവും വിചിത്രമായവയിൽ ഒന്നായിരുന്നു ഇതെന്ന് കമ്മീഷൻ ചെയർമാൻ പ്രതികരിച്ചു.
