എസ്ഐആറിനെതിരെ വിദ്യാർഥി പ്രക്ഷോഭം; കൊൽക്കത്തയിൽ അണിനിരന്ന് തെരുവുകച്ചവടക്കാരും തൊഴിലാളികളും വയോധികരും

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ നടപടിക്കെതിരെ കൊൽക്കത്തയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. എസ്എഫ്ഐ ഉൾപ്പെടെ എട്ട് വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ജെൻ സി, മില്ലേനിയൽ തലമുറകളിലെ വിദ്യാർഥികൾക്കൊപ്പം വയോധികരും തെരുവുകച്ചവടക്കാരും ചെറുകിട വ്യാപാരികളും തൊഴിലാളികളും വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും പങ്കെടുത്തു.

ജനങ്ങൾക്കുമേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപ്പിക്കുന്ന നിയമവിരുദ്ധ നടപടിയാണ് എസ്ഐആർ എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രതിഷേധക്കാർ രംഗത്തെത്തി.

പശ്ചിമ ബംഗാളിൽ എസ്ഐആറിനെതിരെയും വോട്ടർപട്ടികയിൽനിന്ന് പേരുകൾ അനധികൃതമായി നീക്കം ചെയ്യുന്നുവെന്ന ആരോപണത്തിലും സിപിഐഎം തുടർച്ചയായി നടത്തുന്ന പ്രചാരണം വിഷയത്തിൽ ജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിച്ചു. അധികാരം പിടിക്കാനും നിലനിർത്താനും ബിജെപി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് വോട്ടർപട്ടിക പരിഷ്കരണമെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ജെൻ സി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവും ബംഗാളിലെ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഒക്ടോബർ 10 ശനിയാഴ്ചയായിരുന്നു മഹാലയ. ദുർഗാപൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ഈഡൻ ഗാർഡൻസിൽ നടന്ന ആഘോഷങ്ങൾക്കായി ബിജെപി സർക്കാർ 180 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആഘോഷങ്ങളുടെ ഭാഗമാകുന്നതിനുപകരം പിറ്റേന്ന് ഞായറാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് നിരവധി തൊഴിലാളികളും സാധാരണക്കാരും തീരുമാനിച്ചത്.

സഞ്ജയ് എന്ന യുവ തെരുവുകച്ചവടക്കാരന്റെ അനുഭവം പ്രതിഷേധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു. ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച നിരായുധരായ ആളുകൾക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ചിത്രങ്ങൾ കണ്ടതോടെയാണ് താൻ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് സഞ്ജയ് പറഞ്ഞു. ഇത്തരം പൊലീസ് നടപടികൾ ചിലരിൽ ഭയം വളർത്തിയേക്കാം. എന്നാൽ, തന്നെ സംബന്ധിച്ചിടത്തോളം അത് ഭയം പൂർണമായി ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലും ബെംഗളൂരുവിലും ഈ ആവശ്യത്തെ പിന്തുണച്ച് നിരവധി പേർ തെരുവിലിറങ്ങിയിരുന്നു. ഹിന്ദി ചലച്ചിത്രമേഖലയിലെ പ്രമുഖരും സാധാരണക്കാർക്കൊപ്പം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.

മറുപടി രേഖപ്പെടുത്തുക