ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത ഉയർത്തുന്ന ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞ ആഴ്ചയാണ് നേതാക്കൾ തമ്മിൽ നിർണായക സംഭാഷണങ്ങൾ നടന്നതെന്ന് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുടെ ചില ഭാഗങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്ക നെതന്യാഹു ട്രംപിനെ അറിയിച്ചതായാണ് ഇസ്രായേൽ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ‘പീക്ക് മൗണ്ടൻ’ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളും ചർച്ചയിൽ വിഷയമായതായാണ് വിവരം.
ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കുന്നതിൽ നെതന്യാഹു താൽപ്പര്യം പ്രകടിപ്പിച്ചെന്നും മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് ട്രംപ് പറഞ്ഞതായും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, സൈനിക നീക്കത്തിന് ട്രംപ് വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം, സൈനിക നടപടിയെന്ന ആശയത്തോട് തുടക്കത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ട്രംപ് പിന്നീട് ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയതോടെ സമീപനത്തിൽ മാറ്റം വരുത്തിയതായാണ് സൂചന. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സെൻട്രൽ കമാൻഡിലെ ഉന്നത നേതൃത്വവും സൈനിക നടപടിയെ അനുകൂലിച്ചപ്പോൾ, ഉപദേഷ്ടാക്കളിൽ ഭൂരിഭാഗവും നിലവിൽ സാമ്പത്തിക ഉപരോധങ്ങളിലൂടെ സമ്മർദം തുടരുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, സൈനിക നടപടിയെക്കുറിച്ച് ചർച്ച നടന്നെന്ന വാദത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇസ്രായേലിലും അമേരിക്കയിലും തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇറാനെതിരായ സൈനിക നീക്കം ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമാകാൻ സാധ്യതയുണ്ട്. അത്തരമൊരു നടപടി പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
എന്നാൽ, സൈനിക നീക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച നടത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചെങ്കിലും ചർച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, ഭാവിയിൽ പ്രസിഡന്റിന്റെ ഉത്തരവുണ്ടായാൽ ഉടൻ പ്രതികരിക്കാൻ ഇസ്രായേൽ സൈന്യവും യുഎസ് സെൻട്രൽ കമാൻഡും സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
