സ്വന്തം സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തി യുക്രെയ്‌നിന് കൈമാറി; 300ലേറെ റഷ്യൻ സൈനികരുടെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ട്

റഷ്യൻ സൈന്യത്തിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിരുന്ന 26കാരൻ ലെവ് സ്റ്റുപ്നിക്കോവ്, യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയെന്നും പിന്നീട് റഷ്യൻ സൈന്യത്തിൽനിന്ന് രക്ഷപ്പെട്ട് യുക്രെയ്‌നൊപ്പം ചേർന്നെന്നും റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നയങ്ങളോടുള്ള എതിർപ്പാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേണൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റഷ്യൻ സൈന്യത്തിൽ ചീഫ് സിഗ്നൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന സ്റ്റുപ്നിക്കോവിന് സൈനിക നീക്കങ്ങൾ, യുദ്ധതന്ത്രങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, നിരീക്ഷണ ക്യാമറകളിൽനിന്നുള്ള വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡോൺബാസ് മേഖലയിലെ സൈനിക നീക്കങ്ങളിൽ നിർണായക ചുമതല വഹിച്ചിരുന്ന യൂണിറ്റിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ എതിർത്തിരുന്ന സ്റ്റുപ്നിക്കോവ് രഹസ്യമായി സൈനിക വിവരങ്ങൾ യുക്രെയ്ൻ സൈനിക ഇന്റലിജൻസിന് കൈമാറിയെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ഒരിക്കൽ വയറുവേദനയാണെന്ന് പറഞ്ഞ് സഹസൈനികരിൽനിന്ന് മാറിനിന്ന ശേഷമാണ് അദ്ദേഹം ആക്രമണത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടിലുണ്ട്.

സ്റ്റുപ്നിക്കോവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കേണൽ ഗുസെയ്ൻ മുസയേവ് ഉൾപ്പെടെ 68 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. 300ലേറെ റഷ്യൻ സൈനികരുടെ മരണത്തിന് കാരണമായ വിവരങ്ങൾ അദ്ദേഹം കൈമാറിയെന്നാണ് ലേഖനത്തിലെ ആകെ വിവരണം.

സ്റ്റുപ്നിക്കോവിന്റെ അമ്മ ടാറ്റിയാന യാന്റ്സെൻ, യുക്രെയ്ൻ സൈനിക ഇന്റലിജൻസുമായി ബന്ധമുള്ള ദിമിട്രോ കാർപെങ്കോയെ ബന്ധപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്ന് സ്റ്റുപ്നിക്കോവിന്റെ രക്ഷപ്പെടലിനായി പദ്ധതി തയ്യാറാക്കി. 2024 ജൂലൈയിൽ രാത്രിയിൽ സൈനിക യൂണിറ്റിൽനിന്ന് പുറത്തുകടന്ന അദ്ദേഹം ആസൂത്രണം ചെയ്തതുപോലെ യുക്രെയ്ൻ സൈനിക താവളത്തിലെത്തി. അവിടെ നിശ്ചയിച്ചിരുന്ന രഹസ്യവാക്ക് നൽകിയതോടെ യുക്രെയ്ൻ സൈനികർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

നിലവിൽ റഷ്യയ്‌ക്കെതിരെ പോരാടുന്ന റഷ്യൻ വളണ്ടിയർ കോർപ്സ് (ആർവിസി) എന്ന സൈനിക വിഭാഗത്തിൽ ആശയവിനിമയ വിദഗ്ധനായി സ്റ്റുപ്നിക്കോവ് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

താൻ രാജ്യദ്രോഹം ചെയ്തിട്ടില്ലെന്നാണ് സ്റ്റുപ്നിക്കോവിന്റെ നിലപാട്. റഷ്യയുടെ സ്വാതന്ത്ര്യവും ഭരണഘടനാ ക്രമവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെങ്കിലും പുടിന്റെ ഭരണകൂടം അവയെ തകർത്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അതാണ് റഷ്യൻ സൈന്യത്തിൽനിന്ന് പുറത്തുകടന്ന് യുക്രെയ്‌നൊപ്പം ചേരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചതായി റിപ്പോർട്ടിലുണ്ട്.

സംഭവത്തെത്തുടർന്ന് സ്റ്റുപ്നിക്കോവിന്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചതായും അമ്മയ്ക്കും സഹോദരിക്കും റഷ്യ വിടേണ്ടിവന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക