ഓപ്പൺ സോഴ്സ് മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് നിരോധിച്ചതിനെതിരായ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് കേരള ഹൈക്കോടതി. എറണാകുളം ആസ്ഥാനമായ അപ്രോപ്രിയേറ്റ് ടെക്നോളജി പ്രമോഷൻ സൊസൈറ്റിയാണ് ഹർജി സമർപ്പിച്ചത്. ആപ്പ് ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ബിറ്റ്ചാറ്റിന് സന്ദേശങ്ങൾ കൈമാറാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല. 2026 ജൂലൈയിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോൾ പ്രക്ഷോഭകർക്കും യുവാക്കൾക്കുമിടയിൽ ആപ്പ് ശ്രദ്ധ നേടിയിരുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഒക്ടോബറിൽ പുറത്തിറക്കിയ ഉത്തരവിലൂടെ ആപ്പും വെബ്സൈറ്റും ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. ഇതിന്റെ ഭാഗമായി ആപ്പിൾ ഇന്ത്യയുടെ ആപ്പ് സ്റ്റോറിൽനിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ബിറ്റ്ചാറ്റ് നീക്കം ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം എന്നിവരോടാണ് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. ആപ്പിൾ ഇന്ത്യ, ഗൂഗിൾ ഇന്ത്യ പ്രതിനിധികൾക്കും സത്യവാങ്മൂലം നൽകാൻ നിർദേശമുണ്ട്.
കേസ് അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. ആപ്പ് നിരോധിച്ചതിന് പിന്നിലെ കാരണങ്ങളും നടപടികളുടെ നിയമസാധുതയും സംബന്ധിച്ച വിഷയങ്ങൾ തുടർനടപടികളിൽ പരിഗണിക്കപ്പെടും.
