സുപ്രീം കോടതിയെയും വരുതിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; നീക്കം വിജയിക്കില്ലെന്ന് കപിൽ സിബൽ

മാധ്യമങ്ങൾ ഉൾപ്പെടെ രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ കൈപ്പിടിയിലൊതുക്കിയെന്നും ഇപ്പോൾ സുപ്രീം കോടതിയെയും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ.

എന്നാൽ പരമോന്നത നീതിപീഠത്തെ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം വിജയിക്കില്ലെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിബൽ.

2014ൽ അധികാരത്തിലെത്തിയതു മുതൽ ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് സംവിധാനങ്ങളെയും ഒന്നൊന്നായി നിയന്ത്രണത്തിലാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിനെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ജനങ്ങളിലെത്തുന്നത് തടയാൻ ആദ്യം മുഖ്യധാരാ മാധ്യമങ്ങളെ വരുതിയിലാക്കിയെന്നും ഇതോടെ സത്യമറിയാൻ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവന്നെന്നും സിബൽ പറഞ്ഞു.

മാധ്യമങ്ങൾക്കു പിന്നാലെ സർവകലാശാലകൾ, ഗവർണർമാരുടെ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയും നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെന്നാണ് സിബലിന്റെ ആരോപണം. ഇപ്പോഴും സ്വതന്ത്രമായി നിലകൊള്ളുന്ന സുപ്രീം കോടതിയെയും വരുതിയിലാക്കാൻ കേന്ദ്രം നിരന്തരം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിൽ വിജയിക്കാനാകാത്ത സാഹചര്യത്തിലാണ് വോട്ടർപട്ടിക നിയന്ത്രണത്തിലാക്കാനുള്ള നീക്കമെന്നും സിബൽ ആരോപിച്ചു.

ഡൽഹിയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും അദ്ദേഹം വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ക്രമസമാധാന പ്രശ്നങ്ങൾ പോലുള്ള നിയമപരമായ കാരണങ്ങളില്ലാതെ ഈ അവകാശം തടയാനാകില്ലെന്നും സിബൽ വ്യക്തമാക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞകൾ വ്യാപകമായി പ്രഖ്യാപിക്കുന്ന പൊലീസ് നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ആവശ്യകത അധികൃതർ വിശദീകരിക്കണമെന്നും നിരോധനാജ്ഞകളുടെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോടതിയിൽ വിശദമായി ഉന്നയിക്കുമെന്നും സിബൽ വ്യക്തമാക്കി.

സ്വതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നടപടികൾ സുപ്രീം കോടതി ഗൗരവമായി കാണുമെന്നും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക