സ്ത്രീസുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന; സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷയ്ക്കൊപ്പം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകി സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013, സ്ത്രീകളുടെ മാനസികാരോഗ്യം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്. ഇതിനായി നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോഷ് നിയമം കർശനമായി നടപ്പാക്കും

2013ലെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ തൊഴിലിടങ്ങളിൽ സംരക്ഷിക്കുന്നതിനുള്ള പോഷ് നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. എന്നാൽ, പല സ്ഥാപനങ്ങളിലും ഇത്തരം സമിതികൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

പരാതി നൽകിയാൽ ജോലി നഷ്ടപ്പെടുമോ, അപമാനിക്കപ്പെടുമോ തുടങ്ങിയ ഭയങ്ങൾ ഇപ്പോഴും സ്ത്രീകൾക്കിടയിൽ നിലനിൽക്കുന്നത് ഗൗരവകരമാണ്. തൊഴിലിടങ്ങളിലെ അതിക്രമങ്ങളും വിവേചനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സമിതികൾ നിയമപ്രകാരം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പുതല നിരീക്ഷണവും കർശന പരിശോധനകളും ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീസുരക്ഷാ നിയമങ്ങളിൽ പുരുഷന്മാർക്കും ബോധവത്കരണം വേണം

സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് പുരുഷന്മാർക്കുകൂടി ബോധവത്കരണം നൽകുമ്പോഴാണ് നിയമങ്ങളുടെ പൂർണ പ്രയോജനം സ്ത്രീകൾക്ക് ലഭിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി പറഞ്ഞു.

വാർഡ് കൗൺസിലർമാർ, വനിതാ കമ്മിഷൻ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെമിനാറിന്റെ ഭാഗമായി പോഷ് നിയമം, സ്ത്രീകളുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക