നെടുമ്പാശ്ശേരിക്ക് പിന്നാലെ ചേരാനല്ലൂർ വാഹനാപകടത്തിലും പ്രതിയെ രക്ഷിക്കാൻ പൊലീസ് വഴിവിട്ട ശ്രമം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണവും സ്വാധീനവുമുള്ളവർക്ക് നിയമപാലനത്തിൽ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്തുതരം നീതിയാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസിനെ പണവും സ്വാധീനവുമുള്ളവരുടെ അകമ്പടി സേവകരാക്കി മാറ്റരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച അതേ രീതിയാണ് ചേരാനല്ലൂരിലും ആവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്നത് ലൈസൻസില്ലാത്ത 17കാരനാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പ്രതി ജഡ്ജിയുടെ മകനായതിനാൽ നിയമം മാറ്റിയെഴുതാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും എഫ്ഐആറിൽ പ്രതിയുടെ പേര് രേഖപ്പെടുത്താതെ ‘അജ്ഞാതൻ’ എന്ന് ചേർത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു. ഉന്നതരുടെ മക്കൾ നിയമലംഘനം നടത്തിയാൽ അത് മറച്ചുവെക്കാൻ പൊലീസുണ്ടെന്ന ധാരണയ്ക്ക് സർക്കാർ കുടപിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാമെന്ന് സർക്കാരും പൊലീസും കരുതേണ്ടെന്നും നീതിക്കായുള്ള ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പോരാട്ടത്തിൽ നാട് ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്നും പിണറായി വിജയൻ കുറിച്ചു.
