പെട്രോളിൽ അമിത എഥനോളെന്ന കർണാടകയുടെ ആരോപണം തള്ളി എണ്ണക്കമ്പനികൾ; പരിശോധനാ രീതിയെ ചോദ്യം ചെയ്തു

കർണാടകയിൽ വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

ബെംഗളൂരു, മംഗളൂരു, കോലാർ ഉൾപ്പെടെയുള്ള ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദിന്റെ വെളിപ്പെടുത്തൽ. വിതരണ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കർണാടകയിലുൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ കർണാടക സർക്കാർ നടത്തിയ സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതിയിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ് കമ്പനികളുടെ ആരോപണം.

1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള ചട്ടങ്ങളും മാർക്കറ്റിങ് ഡിസിപ്ലിൻ മാർഗനിർദേശങ്ങളും പാലിക്കാതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് പരിശോധനയ്ക്കായി സാമ്പിളുകൾ എടുത്തതെന്നും ഔദ്യോഗികമായി അംഗീകരിച്ച ലാബുകൾക്ക് പകരം മൂന്നാംകക്ഷി ലാബുകളിലെ പരിശോധനാഫലങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക