ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാൻ വീണ്ടും ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന് നേരെയുള്ള ഭീഷണികൾ ചെറുക്കാൻ സൈനികമായ ആക്രമണ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
ഞായറാഴ്ച ഇസ്രയേൽ മാധ്യമങ്ങളോടായിരുന്നു കാറ്റ്സിന്റെ പ്രതികരണം. ഇറാനെതിരായ ദൗത്യം ഇനിയും പൂർത്തിയായിട്ടില്ലെന്നും ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ടെഹ്റാൻ പുനരാരംഭിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നും ആണവായുധം സ്വന്തമാക്കാൻ ലക്ഷ്യമിടുന്നില്ലെന്നുമാണ് ഇറാന്റെ നിലപാട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കുനേരെ അമേരിക്ക പുതിയ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് പരിമിതമായ ആക്രമണങ്ങൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണങ്ങളിൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി തകർത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ചില സംശയാസ്പദ കേന്ദ്രങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. തകർന്ന ആണവകേന്ദ്രങ്ങൾ ഇറാൻ പുനർനിർമിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) വിലയിരുത്തൽ. അതേസമയം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പരിശോധിച്ച് ഉറപ്പുവരുത്താൻ ഏജൻസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരി 28നാണ് ആണവ, മിസൈൽ ശേഷികൾ തകർക്കുക, ഭരണകൂടത്തെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വലിയ സൈനിക നീക്കം ആരംഭിച്ചത്. പരമോന്നത നേതാവ് അലി ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെങ്കിലും ഇറാൻ ഭരണകൂടം അധികാരത്തിൽ തുടരുകയാണ്.
യുദ്ധത്തിന്റെ തുടക്കത്തേക്കാൾ സൈനികമായി ശക്തരാണെന്ന് ഇറാൻ സൈന്യം കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മിസൈലുകളുടെ ദൂരപരിധി 2,000 കിലോമീറ്ററായി സ്വയം നിശ്ചയിച്ചിരുന്ന നിയന്ത്രണം പിൻവലിച്ചതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പുതിയ ആക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, ഖത്തർ വഴി അമേരിക്കയ്ക്ക് ഇറാൻ പുതിയ നിർദേശം കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിർദേശം പരിശോധിച്ചുവരികയാണെന്നാണ് അമേരിക്കയുടെ നിലപാട്. ഉപരോധവും നാവിക ഉപരോധവും അവസാനിപ്പിക്കണമെന്നാണ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ഇറാന്റെ പ്രധാന ആവശ്യം.
സംഘർഷത്തിന് നയതന്ത്ര പരിഹാരം വേണമെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇറാൻ സുരക്ഷാ മേധാവി മൊഹ്സൻ റെസായിയുമായി കൂടിക്കാഴ്ച നടത്തി സംഘർഷവും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്തിരുന്നു. അതേസമയം, ഇറാനെതിരായ യുദ്ധം അമേരിക്കയിലും ഇസ്രയേലിലും രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുകയാണ്.
