പ്രത്യേകിച്ച് ഒന്നും പറയാനില്ല; അടൂർ പ്രകാശിന്റെ വിമർശനത്തിന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമർശനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, യുഡിഎഫ് യോഗം ചേരുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് മുന്നണി ചെയർമാനായ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്ന് അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ പുറത്തുവരുന്ന കാര്യങ്ങളെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചിരുന്നു.

അതേസമയം, എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ ക്ലാസിഫിക്കേഷനെ പിന്തുണച്ചത് ചില ബാറുകൾ പൂട്ടിപ്പോകുന്നത് ഒഴിവാക്കാനായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രസർക്കാർ തീരുമാനം വൈകിയതോടെ പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് ബാറുകൾ അടച്ചുപൂട്ടാതിരിക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും പുതിയ മദ്യനയം വരുമ്പോൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.

ബോർഡ്-കോർപ്പറേഷൻ ചെയർമാൻ നിയമനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്നോ പാർട്ടിയിൽ ഐക്യമില്ലെന്നോ അടൂർ പ്രകാശ് പറഞ്ഞിട്ടില്ലെന്നും കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാപരമായ കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നും ആസൂത്രണ ബോർഡിൽ വനിതാ വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക