പാർട്ടിക്കുള്ളിൽ ഐക്യം നിലനിർത്തണമെന്നും പ്രതിപക്ഷം ഒരുക്കുന്ന കെണിയിൽ വീഴരുതെന്നും ടിവികെ എംഎൽഎമാർക്ക് കർശന നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. എംഎൽഎമാരുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഡിഎംകെ ശ്രമം തുടരുകയാണെന്നും പാർട്ടി എംഎൽഎമാരെ കെണിയിൽപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും വിജയ് ആരോപിച്ചു. ഇതിനിടെ കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഘ്നേഷിനെതിരായ ആരോപണങ്ങളും പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജില്ലാ കളക്ടർ പദ്മജയ്ക്ക് എംഎൽഎ ദുരുദ്ദേശ്യപരമായ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്നും രാത്രി വൈകി ഔദ്യോഗിക വസതിയിലെത്തി ശല്യം ചെയ്തെന്നുമാണ് ആരോപണം. രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിൽ എംഎൽഎ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം കളക്ടർ ഭരണകക്ഷിയിലെ മുതിർന്ന മന്ത്രിയെ അറിയിച്ചതായാണ് വിവരം.
തുടർന്ന് മന്ത്രി ഇടപെട്ട് എംഎൽഎയെ വിളിച്ചുവരുത്തുകയും കളക്ടറോട് മാപ്പ് പറയിപ്പിച്ച് വിഷയം താൽക്കാലികമായി ഒത്തുതീർപ്പാക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിനുശേഷം ഔദ്യോഗിക പരിപാടികളിലും പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം വീണ്ടും സജീവമായത്. എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾക്കിടെ വിജയ് പാർട്ടി അംഗങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് ടിവികെയിലെ അച്ചടക്കവും നേതൃത്വത്തിന്റെ നിലപാടും സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
