2047-ലെ വികസിത ഇന്ത്യയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ രാജ്യത്തിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഒരു സമയപരിധിയായി മാത്രം കാണേണ്ടതല്ലെന്നും ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ പാതയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ദീപാവലി മിലൻ സമരോഹ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യമായി മാറാനുള്ള ആത്മവിശ്വാസം നൽകുന്നതാണെന്ന് മോദി പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കിയതും ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാണ രാജ്യമായി മാറിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷത്തിനിടെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് സംവിധാനമായി ഇന്ത്യ വളർന്നെന്നും യുപിഐ ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം നിർമിച്ചതും നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി ഉൾപ്പെടുത്തി.
അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു. 12 വർഷം മുമ്പ് നാലുവരിപ്പാത നിർമാണം പോലും വലിയ നേട്ടമായി കണക്കാക്കിയിരുന്നുവെന്ന് മോദി ഓർമിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗ്രാമങ്ങളിലെ ജനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു റോഡെങ്കിലും നിർമിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ നിർമാർജനത്തോടുള്ള സമീപനത്തിലും മാറ്റമുണ്ടായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പുകളിലും പ്രസംഗങ്ങളിലും ആവർത്തിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ജനങ്ങൾ തന്നെ ദാരിദ്ര്യത്തിൽനിന്ന് പുറത്തുവരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ചെറിയ ലക്ഷ്യങ്ങൾ ഘട്ടംഘട്ടമായി കൈവരിച്ചതിലൂടെ ജനങ്ങളിൽ ആത്മവിശ്വാസം വളർന്നതുപോലെ, വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റവും രാജ്യത്തിന് ആത്മവിശ്വാസം പകരുന്നുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നേട്ടങ്ങളും വിജയഗാഥകളും ലോകത്തിന് മുന്നിലെത്തിക്കാൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. യുവജനശക്തി, സാങ്കേതികവിദ്യ, കഴിവുകൾ, കുറഞ്ഞ നിരക്കിലുള്ള ഡാറ്റ എന്നിവ ഇന്ത്യയുടെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു.
‘മൻ കി ബാത്ത്’ പരിപാടിയിലൂടെ സാധാരണക്കാരുടെ നേട്ടങ്ങൾക്ക് വേദിയൊരുക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിയും വിജയങ്ങളും ഉയർത്തിക്കാട്ടുന്ന വാർത്തകൾ നൽകുന്നത് മാധ്യമങ്ങളുടെ വലിയ സേവനമായിരിക്കുമെന്നും മോദി പറഞ്ഞു. ദീപാവലി, നവരാത്രി, ഛഠ് പൂജ ആശംസകളും അദ്ദേഹം നേർന്നു.
