യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നതിനായി കുവൈത്ത് ടവേഴ്സിനെ നാമനിർദേശം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നാമനിർദേശ രേഖകൾ അന്തിമമാക്കുന്നതിനായി വിവിധ മന്ത്രിമാർ യോഗം ചേർന്നു. ടവേഴ്സിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കുവൈത്തിന്റെ ആധുനിക നഗരവികസനത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കുവൈത്ത് ടവേഴ്സ് 1979ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മൂന്ന് പ്രധാന ഗോപുരങ്ങൾ ഉൾപ്പെടുന്ന ഈ സമുച്ചയം രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിക്കേണ്ട രേഖകളും ആവശ്യമായ പഠനങ്ങളും സംബന്ധിച്ചായിരുന്നു മന്ത്രിമാരുടെ പ്രധാന ചർച്ച. ഇതിനായി വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. അടുത്തിടെ കുവൈത്ത് സന്ദർശിച്ച അന്താരാഷ്ട്ര ഉപദേശക സംഘവുമായും നാമനിർദേശ നടപടികൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള രേഖകൾ തയ്യാറാക്കുന്നതിനൊപ്പം ടവേഴ്സിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യവും കൃത്യമായി അവതരിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനൊപ്പം രാജ്യത്തിന്റെ പൈതൃകവും സാംസ്കാരിക അടയാളങ്ങളും സംരക്ഷിക്കാനും നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
