2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആറിലൂടെ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പ് ഗണിതം തന്നെ മാറുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ തിരിച്ചെത്തിക്കാൻ സംസ്ഥാന വ്യാപകമായി അടിയന്തര നീക്കവുമായി പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്.
ഉത്തർപ്രദേശിൽ എസ്.ഐ.ആറിനിടെ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായും അതേസമയം മുസ്ലീം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവാക്കപ്പെട്ട വോട്ടർമാരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി നേതൃത്വം പ്രവർത്തകർക്ക് കർശന നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിൽ ഓരോന്നിലും ശരാശരി 31,000ത്തിലധികം ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടുവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതോടെ 2027ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുകയാണ്.
80 ലക്ഷം വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപിയുടെ നെട്ടോട്ടം
വോട്ടർ പട്ടികയിലെ നഷ്ടം നികത്താൻ അടുത്ത ഒരു മാസം പൂർണമായും വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനാണ് ബിജെപി തീരുമാനം. 40 ലക്ഷം മുതൽ 80 ലക്ഷം വരെ വോട്ടർമാരുടെ പേരുകൾ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
ലഖ്നൗവിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റുമാർക്കും മറ്റ് ഭാരവാഹികൾക്കും സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
അടുത്ത ഒരു മാസത്തേക്ക് മറ്റ് രാഷ്ട്രീയ പരിപാടികൾക്ക് പ്രാധാന്യം നൽകാതെ വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കായി പ്രവർത്തിക്കണമെന്നാണ് പാർട്ടി നിർദേശം. യോഗ്യരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ തിരിച്ചെത്തിക്കാനുള്ള അവസാന അവസരമായി ഈ കാലയളവിനെ കാണണമെന്നാണ് യോഗി ആദിത്യനാഥിന്റെ നിർദേശം.
പഞ്ചായത്ത് പട്ടികയിലും ക്ഷേമപദ്ധതി പട്ടികയിലും പരിശോധന
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കണ്ടെത്താൻ ബിജെപി വിപുലമായ പരിശോധനയ്ക്കും ഒരുങ്ങുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയും സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്തൃ പട്ടികയും നിയമസഭാ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യാനാണ് നിർദേശം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും. ഈ രണ്ട് പട്ടികകളിലെയും വിവരങ്ങൾ പരിശോധിച്ച് നിയമസഭാ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനാണ് ബിജെപിയുടെ നീക്കം.
നവംബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ഡിസംബർ 16 വരെയാണ്. അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
ചെറിയ ഭൂരിപക്ഷങ്ങൾ പോലും ബിജെപിക്ക് തിരിച്ചടിയാകുമോ?
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച നിരവധി മണ്ഡലങ്ങളിൽ ഭൂരിപക്ഷം 1,500 മുതൽ 3,000 വരെ വോട്ടുകൾ മാത്രമായിരുന്നു. അത്തരത്തിലുള്ള മണ്ഡലങ്ങളിൽ 5,000 മുതൽ 10,000 വരെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് ഫലം തന്നെ മാറിയേക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലുള്ള വോട്ടുവ്യത്യാസം 1.55 കോടിയായിരുന്നെങ്കിൽ 2022ൽ അത് 85 ലക്ഷമായി കുറഞ്ഞിരുന്നു. ബിജെപിയുടെ വോട്ടുനിലയിലെ ഈ ഇടിവും പുതിയ വോട്ടർ പട്ടികാ പരിഷ്കരണവും ചേർന്നാണ് പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.
403 മണ്ഡലങ്ങളിൽ നിന്നായി 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടുവെന്ന കണക്കനുസരിച്ച് ഒരു മണ്ഡലത്തിൽ ശരാശരി 31,513 പേരുടെ കുറവാണ് ഉണ്ടാകുന്നത്. ഇതിൽ 10,000 മുതൽ 25,000 വരെ പേരുകളെയെങ്കിലും തിരിച്ചെത്തിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വോട്ടർ പട്ടിക പരിഷ്കരണം ബിജെപിയുടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെ എത്രത്തോളം ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. എന്നാൽ വോട്ടർ പട്ടികയിലെ പേരുകൾ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി മുതൽ ബൂത്ത് തല പ്രവർത്തകർ വരെ രംഗത്തിറങ്ങേണ്ടിവരുന്ന സാഹചര്യം യുപിയിൽ ബിജെപി നേരിടുന്ന രാഷ്ട്രീയ സമ്മർദത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
