ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന് നട്ടെല്ല് ശസ്ത്രക്രിയ; ചരിത്രനേട്ടവുമായി ഡൽഹി എയിംസ്

ഇന്ത്യൻ വൈദ്യശാസ്ത്ര മേഖലയിൽ നിർണായക നേട്ടവുമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). രാജ്യത്ത് ആദ്യമായി ഗർഭപാത്രത്തിനുള്ളിലെ ഗർഭസ്ഥ ശിശുവിന് നട്ടെല്ല് ശസ്ത്രക്രിയ നടത്തി എയിംസിലെ ഡോക്ടർമാർ ചരിത്രം സൃഷ്ടിച്ചു. 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ ഗുരുതരമായ തകരാർ ഓപ്പൺ ഫീറ്റൽ സർജറിയിലൂടെ വിജയകരമായി പരിഹരിച്ചു.

എയിംസിലെ ന്യൂറോ സയൻസസ് സെന്ററിൽ വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ദീപക് ഗുപ്ത നേതൃത്വം നൽകി. ഗൈനക്കോളജി, ന്യൂറോ സർജറി, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ 30-ലേറെ വിദഗ്ധർ പങ്കെടുത്തു. ഏകദേശം ആറു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് ലക്ഷ്യം കൈവരിച്ചത്.

ഗർഭസ്ഥ ശിശുവിന് ‘ലംബോസാക്രൽ മൈലോമെനിംഗോസെലെ’ എന്ന ഗുരുതരമായ ന്യൂറോളജിക്കൽ തകരാറാണ് കണ്ടെത്തിയത്. ജനനശേഷം പക്ഷാഘാതം, തലച്ചോറിൽ ദ്രാവകം അടിഞ്ഞുകൂടൽ തുടങ്ങിയ സങ്കീർണതകൾക്ക് ഈ അവസ്ഥ കാരണമാകാം. ഗർഭാവസ്ഥയിൽ തന്നെ തകരാർ പരിഹരിക്കുന്നത് ഭാവിയിലെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. ദീപക് ഗുപ്ത വ്യക്തമാക്കി.

അഞ്ചാഴ്ചയിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കും ആധുനിക ഇമേജിങ് പരിശോധനകൾക്കും പരിശീലന മോക്ക് ഡ്രില്ലുകൾക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ജനനി ശിശു സുരക്ഷാ പദ്ധതി പ്രകാരം പൂർണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കിയത്. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഈ നേട്ടത്തിന് പിന്നിൽ 14 വർഷത്തെ ഗവേഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമുണ്ടെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഭ്രൂണ ശസ്ത്രക്രിയാ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ നേട്ടം.

മറുപടി രേഖപ്പെടുത്തുക