മേക്കേദാട്ടു അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് നിയമവശങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പദ്ധതിയെ തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾ എതിർത്തേക്കാമെങ്കിലും രാജ്യത്തെ നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും കോടതി നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ശിവകുമാർ വ്യക്തമാക്കി. തമിഴ്നാടിന് ശക്തമായ നിയമസംഘമുണ്ടെന്നും അവർക്ക് നിയമപരമായ വശങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ എതിർപ്പിനെ തടയാൻ കർണാടക ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശിവകുമാർ വ്യക്തമാക്കി.
കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും വിഷയത്തിൽ പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കൾ അതത് സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശങ്ങളുണ്ടെന്നും നിയമം കർണാടകയ്ക്ക് അനുകൂലമാണെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും ഖാർഗെ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനുള്ള അവസരം ശിവകുമാർ നേരത്തെ മുന്നോട്ടുവെച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവേരി നദിക്ക് കുറുകെ കർണാടകയിലെ രാമനഗര ജില്ലയിൽ, കനകപുരയ്ക്ക് സമീപം നിർമിക്കാൻ ഉദ്ദേശിക്കുന്ന ബാലൻസിങ് റിസർവോയർ പദ്ധതിയാണ് മേക്കേദാട്ടു അണക്കെട്ട്. ബെംഗളൂരുവിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, 400 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുക, അധികജലം സംഭരിച്ച് നദിയിലെ ഒഴുക്ക് നിയന്ത്രിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 67.16 ടി.എം.സി സംഭരണശേഷിയാണ് പദ്ധതിക്കായി ലക്ഷ്യമിടുന്നത്. എന്നാൽ കാവേരി ജലവിഹിതത്തെച്ചൊല്ലിയുള്ള തർക്കം പദ്ധതിക്കെതിരെ തമിഴ്നാട് ശക്തമായ എതിർപ്പ് ഉയർത്താൻ കാരണമായിട്ടുണ്ട്.
