അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും ചെയ്താൽ കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അധികാരമാണ് ലക്ഷ്യമെങ്കിൽ വിദേശയാത്രകൾ അവസാനിപ്പിച്ച് ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശിക്കാനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടുത്ത 30 വർഷത്തേക്കും കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്നും ഷാ പരിഹസിച്ചു.
തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് തോൽവികളിൽ നിന്നുള്ള നിരാശയാണ് കോൺഗ്രസ് വിവിധ രീതികളിൽ പ്രകടിപ്പിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തതും അദ്ദേഹം പരാമർശിച്ചു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിർണയിക്കുന്നത് നേതാക്കളുടെ പ്രവർത്തനങ്ങളാണെന്നും ഷാ പറഞ്ഞു.
കോൺഗ്രസിന്റെ മുൻ ഭരണകാലത്ത് പത്ത് വർഷത്തിനിടെ 12 ലക്ഷം കോടി രൂപയുടെ അഴിമതിയും തട്ടിപ്പും നടന്നുവെന്നും അമിത് ഷാ ആരോപിച്ചു. അതേസമയം, കഴിഞ്ഞ 12 വർഷമായി നരേന്ദ്ര മോദി സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയുടെ വികസനയാത്രയെ അന്താരാഷ്ട്ര വേദികളിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം രാജ്യത്തെ ജനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നാണ് രാഹുൽ ഗാന്ധിക്കുള്ള തന്റെ ഉപദേശമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
