യുഡിഎഫിൽ ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും തുടരുന്നതിനിടെ കെടിഡിസി ചെയർമാൻ പദവി ആവശ്യപ്പെട്ട് പി.വി. അൻവർ. ഇതോടൊപ്പം തനിക്കൊപ്പം നിൽക്കുന്നവർക്കായി വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമായി മൂന്ന് അധ്യക്ഷ പദവികളും നാല് അംഗത്വങ്ങളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് അൻവർ ഔദ്യോഗികമായി കത്ത് നൽകിയത്. കെടിഡിസി ചെയർമാൻ സ്ഥാനത്തിന് പുറമെ തന്റെ അനുയായികൾക്ക് കൂടി പരിഗണന നൽകണമെന്നാണ് കത്തിലെ ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും വടക്കൻ കേരളത്തിലെ യുഡിഎഫിന്റെ മുന്നേറ്റത്തിൽ അൻവറിന്റെ സാന്നിധ്യം നിർണായകമായിരുന്നുവെന്ന വിലയിരുത്തൽ മുന്നണിയിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയമായി വീണ്ടും സജീവമാകുന്നതിനൊപ്പം അധികാരസ്ഥാനങ്ങൾക്കായുള്ള നീക്കവും അൻവർ ശക്തമാക്കുന്നത്.
അസോസിയേറ്റ് മെമ്പർ എന്ന നിലയിൽ അൻവറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. നേരത്തെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് അൻവറിന്റെ പേര് ചർച്ചകളിൽ ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ പാലോട് രവി ഉൾപ്പെടെയുള്ളവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു.
