നീലേശ്വരത്ത് ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചതിന് അവകാശത്തർക്കം; ബിജെപിയിൽ ക്രെഡിറ്റ് പോര്

കാസർകോട് നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ തീരുമാനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ബിജെപി നേതാക്കൾക്കിടയിൽ മത്സരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വനിയും വ്യത്യസ്ത നേതാക്കളുടെ ഇടപെടലുകളാണ് തീരുമാനത്തിന് പിന്നിലെന്ന് അവകാശപ്പെട്ടതോടെയാണ് പാർട്ടിക്കുള്ളിൽ അവകാശത്തർക്കം രൂക്ഷമായത്.

പൂനെ–എറണാകുളം എക്സ്പ്രസ്, രാമേശ്വരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അധ്യക്ഷ എം.എൽ. അശ്വനിയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. ഇരുവർക്കും നന്ദിയും അറിയിച്ചു.

എന്നാൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് താൻ നൽകിയ കത്ത് പരിഗണിച്ചാണ് സ്റ്റോപ്പ് അനുവദിച്ചതെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അവകാശപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിലും നേതാക്കളുടെ ഇടപെടലിനെച്ചൊല്ലി ചർച്ചയും തർക്കവും ശക്തമായി.

കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നത് നീലേശ്വരത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ തീരുമാനം യാത്രാക്ലേശം കുറയ്ക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ ജനങ്ങൾക്ക് പ്രയോജനകരമായ തീരുമാനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ തന്നെ തർക്കം ഉടലെടുത്തത് ശ്രദ്ധേയമായി.

മറുപടി രേഖപ്പെടുത്തുക