മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിലാക്കിയിരിക്കുകയാണെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. സുപ്രീംകോടതിയിലെ കേസിൽ ഗ്യാനേഷ് കുമാർ പ്രധാന സാക്ഷിയാണെന്നും അദ്ദേഹത്തെ ഉടൻ സ്വതന്ത്രനാക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. മോദിയെയും ഗ്യാനേഷ് കുമാറിനെയും നേരിട്ടുള്ള സംവാദത്തിന് ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചെറുപ്പകാലം മുതൽ മുതലകളെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് ഇപ്പോൾ പാറ്റകളെയാണ് പേടിയെന്ന് പരിഹസിച്ച പ്രകാശ് രാജ്, രാജ്യത്തെ ഓരോ തെരുവും ജന്തർ മന്തറായി മാറുമെന്നും മുന്നറിയിപ്പ് നൽകി. നാളെ വൈകിട്ട് അഞ്ചിന് കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ തിരംഗ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ചിൽ പങ്കെടുക്കാൻ കഴിയാത്തവർ സ്വന്തം ഇടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നും ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമല്ലെന്നും സിജെപി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനാണെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെയും ചോദിച്ചു. തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിനുള്ള പ്രത്യുപകാരമാണോ ഇതെന്നും അദ്ദേഹം ആരോപിച്ചു. ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും പ്രതിഷേധങ്ങളെ മോദി ഭയപ്പെടുകയാണെന്നും ദീപ്കെ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്നും പിണറായി വിജയൻ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരെ തടഞ്ഞത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് ഐഷി ഘോഷും കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അപമാനിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ഏകാധിപത്യ പ്രവണതകൾ തുടരുകയാണെന്നും അവർ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിന്റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ദേശീയ പതാകയേന്തിയുള്ള പോരാട്ടം തുടരുമെന്നും ഐഷി ഘോഷ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ കൈകളിലുള്ള ത്രിവർണ പതാകയെ ആക്രമിക്കാൻ ആർക്കും കഴിയില്ലെന്നും അവർ പറഞ്ഞു.
രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എഐഎസ്എഫ് നേതാവ് വിരാജ് പറഞ്ഞു. ത്രിവർണ പതാകയ്ക്ക് കീഴിൽ എല്ലാവരും ഒന്നിക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരെ പുറത്താക്കിയതുപോലെ ഇപ്പോഴത്തെ ഭരണത്തെയും പുറത്താക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന് എഎസ്എപി നേതാവ് ഇഷ്ണ ഗുപ്തയും ആരോപിച്ചു. ഇത് രാജ്യത്തിന് അപമാനമാണെന്നും ശബ്ദമുയർത്തേണ്ട സമയമാണിതെന്നും അവർ പറഞ്ഞു.
