ആരൊക്കെയോ സ്‌പോൺസർ ചെയ്യുന്ന സർക്കാർ; രൂക്ഷ വിമർശനവുമായി പി. രാജീവ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും സ്‌പോൺസറാണ് ചെലവ് വഹിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി. രാജീവ്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോൺസറെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക് സർക്കാർ തന്നെ ചെലവ് വഹിക്കണമെന്നും സ്‌പോൺസർമാർ ഇടപെടുന്നത് സർക്കാരിന് മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങേണ്ട സാഹചര്യമുണ്ടാക്കുമെന്നും പി. രാജീവ് പറഞ്ഞു. ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കാനാണ് ഔദ്യോഗിക ചെലവുകൾ സർക്കാർ വഹിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ സ്‌പോൺസറെ കാണാൻ പോയിരുന്നുവെന്നും പി. രാജീവ് ആരോപിച്ചു. സ്‌പോൺസറുടെ പശ്ചാത്തലവും അവർ ഏതെങ്കിലും കേസുകളിൽ ആരോപണവിധേയരാണോ എന്നതിലും വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രിയുടെ വിദേശയാത്രയ്ക്കും മന്ത്രിക്ക് വാഹനം ലഭിച്ചതിനും സ്‌പോൺസർഷിപ്പ് ഉണ്ടായിരുന്നുവെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ഇത്തരം നടപടികൾ ജനാധിപത്യപരമായ ഭരണത്തിന്റെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക