കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ശനിയാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്നാണ് നിർദേശം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരം ഒരു വർഷത്തേക്ക് സമാധാനലംഘനം നടത്തരുതെന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവച്ചു.
കൊണാട്ട് പ്ലേസിൽ സിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ച ‘ലെഹ്റ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് ദീപ്കെയെ മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ്എസിലെ 126, 170 വകുപ്പുകൾ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധ മാർച്ചിന് മുന്നോടിയായി 20-ലധികം പൊലീസുകാർ ദീപ്കെയുടെ വസതിയിലെത്തി രണ്ട് നോട്ടീസുകൾ കൈമാറിയിരുന്നു. കൊണാട്ട് പ്ലേസിന് സമീപം പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിക്കുന്നത് തിരക്കും ഗതാഗത തടസ്സവും സൃഷ്ടിക്കാനിടയുണ്ടെന്നും അതിനാൽ പ്രദേശത്ത് പ്രതിഷേധങ്ങൾ നടത്തരുതെന്നും ആദ്യ നോട്ടീസിൽ നിർദേശിച്ചു. നേരത്തേ സമർപ്പിച്ച ബോണ്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ രണ്ടാമത്തെ നോട്ടീസ്.
ഒക്ടോബർ 10-ന് ദീപ്കെയെയും സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തുമെന്ന ഉറപ്പിൽ 50,000 രൂപയുടെ വീതം ജാമ്യബോണ്ടിൽ അന്ന് ഇവരെ വിട്ടയച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ‘ലെഹ്റ ദോ തിരംഗ’ യാത്ര നടത്താനായിരുന്നു സിജെപിയുടെ തീരുമാനം. എന്നാൽ, ബിഎൻഎസ്എസിലെ 163-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ നിലവിലുള്ളതിനാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു.
