ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നേഹയെ പൊലീസ് ഒറ്റയ്ക്ക് കസ്റ്റഡിയിലെടുത്ത് മാറ്റിയെന്നാണ് അവരുടെ എക്സ് അക്കൗണ്ടിലൂടെ ഉന്നയിച്ച ആരോപണം.
നേഹ എവിടെയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കണമെന്നും അവരുടെ കൈവശം ഫോണില്ലെന്നും എക്സ് പോസ്റ്റിൽ പറയുന്നു. ഇത് കസ്റ്റഡിയിലെടുക്കലല്ല, തട്ടിക്കൊണ്ടുപോകലാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ തിരംഗാ മാർച്ച് നടത്താനായിരുന്നു സിജെപിയുടെ ആഹ്വാനം. എന്നാൽ പരിപാടിയിൽ പങ്കെടുക്കാനായി താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയ ഉടൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മണ്ഡി ഹൗസിൽവെച്ച് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ട്.
