മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് കുമാർ വിരുദ്ധ പ്രതിഷേധവേദിയിൽനിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോർപറേഷന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ പരിപാടി നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രതിഷേധക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പൊലീസ് പിന്മാറി.
സ്റ്റുഡന്റ്സ് ഫോർ കലക്ടീവിന്റെ നേതൃത്വത്തിലായിരുന്നു മാനവീയം വീഥിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി നടൻ പ്രകാശ് രാജ് പങ്കെടുക്കാനിരിക്കെ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് സ്ഥലത്തെത്തിയത്. അനുമതിയില്ലാതെ പരിപാടി നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാർ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് സ്ഥലത്ത് ബഹളമുണ്ടായി.
സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകർ കോർപറേഷന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.
അതേസമയം, നടൻ പ്രകാശ് രാജ് പരിപാടിയിൽ പങ്കെടുക്കുമെന്ന ഉറപ്പ് വ്യാഴാഴ്ച വൈകീട്ട് മാത്രമാണ് ലഭിച്ചതെന്നും സമയക്കുറവ് കാരണം നേരത്തേ അനുമതിക്കായി അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം.
അനുമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിഷേധവേദിയിലെ സംഭവങ്ങൾക്ക് കാരണമായത്. പൊലീസിന്റെ നടപടിയും അതിനുശേഷമുള്ള പിന്മാറ്റവും സംബന്ധിച്ച് കൂടുതൽ വ്യക്തത തേടുമെന്ന് മേയർ അറിയിച്ചു.
