നേപ്പാളിൽ കനത്ത മഴ; പ്രളയത്തിലും ഉരുൾപൊട്ടലിലും 68 മരണം

നേപ്പാളിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പ്രളയവും ഉരുൾപൊട്ടലും. ദുരന്തത്തിൽ 68 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. 143 വീടുകൾ പൂർണമായും തകർന്നപ്പോൾ 51 വീടുകൾ ഭാഗികമായി തകർന്നു. ഒരു കോൺക്രീറ്റ് പാലവും പ്രളയത്തിൽ ഒലിച്ചുപോയി. 747 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് വിവരം.

ലുംബിനി, ഗണ്ഡകി പ്രവിശ്യകളിലെ ബാഗ്ലുങ്, പർബത്, മനാങ്, മ്യാഗ്ദി, പാൽപ തുടങ്ങിയ ജില്ലകളിലാണ് ദുരന്തത്തിന്റെ ആഘാതം രൂക്ഷമായത്. വലിയ തോതിൽ മല ഇടിഞ്ഞുവീണതും നാശനഷ്ടങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.

രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും റോഡ് ഗതാഗതം തടസപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നു. കൂടുതൽ പ്രദേശങ്ങളിൽ തെരച്ചിൽ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉരുൾപൊട്ടലിന്റെയും മല ഇടിഞ്ഞുവീഴുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെയുള്ള പർവതപ്രദേശങ്ങൾ ഇടിഞ്ഞുവീഴുന്നതും മലയുടെ ഒരു ഭാഗം നദിയിലേക്ക് പതിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മറുപടി രേഖപ്പെടുത്തുക