ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. സ്വന്തം നിലയിൽ ഡിസ്ചാർജ് വാങ്ങിയാണ് സുധാകരൻ ആശുപത്രി വിട്ടത്.
അതേസമയം, നിർണായകമായ പാർലമെന്റ് ദിനത്തിൽ കെ സുധാകരൻ ലോക്സഭയിൽ എത്തുന്നത് തടയാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതിനെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ തുടരാൻ നിർബന്ധിച്ചതെന്നാണ് മകൻ സംജോഗ് സുധാകരന്റെ ആരോപണം.
അമിത് ഷാ ഡോക്ടറെ ഫോണിൽ വിളിച്ച് സുധാകരനെ ഡിസ്ചാർജ് ചെയ്യാതെ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോക്ടർ തന്നോട് പറഞ്ഞെന്നാണ് സംജോഗിന്റെ വെളിപ്പെടുത്തൽ. കുടുംബത്തെ അറിയിക്കാതെയാണ് പിതാവിനെ ഐസിയുവിലേക്ക് മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
കെ സുധാകരൻ നാളെ പാർലമെന്റിൽ എത്താതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തുടരാൻ സമ്മർദമുണ്ടായതെന്നാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തിൽ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
