ഇന്ത്യയിലെ മുസ്ലീങ്ങൾ മതം മാറിയവർ; ശ്രീരാമനെയും ശ്രീകൃഷ്ണനെയും പൂർവ്വികരായി അംഗീകരിക്കണം: ബാബാ രാംദേവ്

ഇന്ത്യയിലെ മുസ്ലീങ്ങൾ മതം മാറിയവരാണെന്നും ശ്രീരാമനെയും ശ്രീകൃഷ്ണനെയും പൂർവ്വികരായി അംഗീകരിക്കണമെന്നും യോഗ ഗുരു ബാബാ രാംദേവ്. മഥുരയിൽ ബുധനാഴ്ച ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് രാംദേവ് വിവാദ പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും മുസ്ലീങ്ങൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികൾ അവരെ വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു രാംദേവ്.

പുരാതന ഋഷിമാരും ശ്രീരാമനും ശ്രീകൃഷ്ണനും മുസ്ലീങ്ങളുടെ പൂർവ്വികരാണെന്ന് അവർ തിരിച്ചറിയണമെന്നും സ്വന്തം വേരുകളുമായി ബന്ധപ്പെടുന്നത് അവരെ ശക്തരാക്കുമെന്നും രാംദേവ് പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നിൽക്കുമ്പോഴാണ് രാജ്യം കൂടുതൽ ശക്തമാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി, ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല എന്നിവർ നേരത്തെയും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ‘ശിവൻ ദരിദ്രരുടെ ദൈവവും രാമൻ സമ്പന്നരുടെ ദൈവവുമാണ്’ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തോടും രാംദേവ് പ്രതികരിച്ചു. സനാതന ധർമ്മത്തിൽ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ ചിലർ ഭിന്നത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. രാമനും കൃഷ്ണനും ശിവനും ഹനുമാനും ഒന്നാണെന്നും ദൈവത്തിന്റെ പേരിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക