ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് നടപടി സ്വീകരിച്ചത്. യു. ഷറഫലി, സത്യപാലൻ എന്നിവരെയും കേസിൽ പ്രതി ചേർക്കും. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തന്നെ കേസ് അന്വേഷിക്കും.
സ്പോൺസറെ വഴിവിട്ട് സഹായിച്ചെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് തട്ടിപ്പ് ആരോപണം ഉയർന്നത്.
അതിനിടെ, ഇതേ ഇടപാടുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജിഎസ്ടി ഇന്റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്പോൺസർ മുഖേന അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറിയ 126 കോടി രൂപയിലാണ് ജിഎസ്ടി അന്വേഷണം നടക്കുന്നത്. ഇതിൽ 26 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
രണ്ട് ധനകാര്യ സ്ഥാപനങ്ങൾ ഇടപാടിനായി പണം നൽകിയതിൽ സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കമ്പനിയുടെ അക്കൗണ്ടിലെത്തിയ പണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും പ്രത്യേകസംഘം ശുപാർശ ചെയ്തിരുന്നു.
