അമേരിക്കയ്ക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനം നടത്തുകയോ രാസായുധം പ്രയോഗിക്കുകയോ ചെയ്ത് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനാണ് ഇറാൻ പദ്ധതിയിടുന്നതെന്നാണ് പുതിയ ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ് പശ്ചിമേഷ്യയിലെത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കപ്പലിന്റെ വരവ് മേഖലയിൽ യുദ്ധം പുനരാരംഭിക്കാനുള്ള അമേരിക്കൻ നീക്കത്തിന്റെ തെളിവാണെന്ന് ഇറാൻ പ്രതികരിച്ചു. പുതിയൊരു യുദ്ധത്തിന് ആവശ്യമായ സൈനിക സജ്ജീകരണങ്ങൾ അമേരിക്ക വർധിപ്പിക്കുകയാണെന്നും ഇറാൻ ആരോപിച്ചു.
അതേസമയം, ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ അനധികൃത ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ മൈനുകളിൽ തട്ടി തീപിടിച്ചതായി ഇറാൻ നാവികസേനയും അവകാശപ്പെട്ടു.
പശ്ചിമേഷ്യയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെയുള്ള ഇറാന്റെ നീക്കങ്ങളും പരസ്പര ആരോപണങ്ങളും മേഖലയിൽ വീണ്ടും സംഘർഷസാധ്യത ഉയർത്തുകയാണ്.
