ഇന്ത്യയും സനാതന ധർമവും വേർതിരിക്കാനാവില്ല; രാജ്യം ശക്തമായാൽ ധർമവും ശക്തിപ്പെടും: യോഗി ആദിത്യനാഥ്

ഇന്ത്യയും സനാതന ധർമവും പരസ്പര പൂരകങ്ങളാണെന്നും അവയെ വേർതിരിച്ചു കാണാനാകില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ശക്തിപ്പെടുന്നതിനനുസരിച്ച് സനാതന ധർമവും ശക്തിപ്പെടുമെന്നും തിരിച്ചും ഇതേ ബന്ധം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൽറാംപൂർ ജില്ലയിലെ തുള്‍സിപൂരിലുള്ള ദേവിപഠാൻ ശക്തിപീഠത്തിൽ ബ്രഹ്മലീൻ മഹന്ത് മഹേന്ദ്ര നാഥ് ജി മഹാരാജിന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീമദ് ഭാഗവത കഥാ ജ്ഞാനയജ്ഞത്തിലും അനുസ്മരണ സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന ‘രാഷ്ട്രം ആദ്യം’ എന്ന ആശയം ഓരോ ഇന്ത്യക്കാരന്റെയും കൂട്ടായ തീരുമാനവും ജീവിതമന്ത്രവുമായി മാറണമെന്ന് യോഗി ആഹ്വാനം ചെയ്തു. സനാതന ധർമം ദുർബലമായാൽ രാജ്യവും ദുർബലമാകുമെന്നും രാജ്യം ദുർബലമായാൽ സനാതന ധർമത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസംഗങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും മാത്രം ‘രാഷ്ട്രം ആദ്യം’ എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും സമൂഹത്തിലെ ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയും നിർവഹിക്കണമെന്നും യോഗി പറഞ്ഞു. വിദ്യാർഥികൾ, അധ്യാപകർ, കർഷകർ, വ്യാപാരികൾ, സന്യാസിമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് രാജ്യപുരോഗതി സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമത്തിന്റെ മഹത്വം ഒരിക്കൽ പുച്ഛിച്ചുതള്ളിയ വിദേശ അധിനിവേശകർക്ക് പോലും പിന്നീട് അത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു. മുഗൾ ചക്രവർത്തി ഷാജഹാന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മകൻ ഔറംഗസേബ് ആഗ്ര കോട്ടയിൽ തടവിലാക്കിയ സമയത്ത് ഷാജഹാൻ നേരിട്ട ദുരനുഭവങ്ങളും അന്ന് ഹിന്ദുക്കളെക്കുറിച്ച് നടത്തിയതായി പറയപ്പെടുന്ന പരാമർശവും യോഗി പ്രസംഗത്തിൽ ഉദ്ധരിച്ചു.

മറുപടി രേഖപ്പെടുത്തുക