ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന അലുമിനിയം പാത്രങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് പഠനറിപ്പോർട്ട്. ഹൈദരാബാദിൽ നടത്തിയ ഗവേഷണത്തിലാണ് അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ ലോഹത്തിന്റെ അളവ് ഗണ്യമായി ഉയരുന്നതായി കണ്ടെത്തിയത്. സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങളെ അപേക്ഷിച്ച് അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്ത അരിയിൽ 14 മടങ്ങിലധികം അലുമിനിയം അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
മന്ന ബയോടെക്കും ഹിന്ദു കോളേജും സംയുക്തമായി നടത്തിയ പഠനത്തിൽ വിവിധ ലോഹങ്ങൾ കൊണ്ടുള്ള പാത്രങ്ങളിൽ ഒരേ അളവിലുള്ള അരിയും വെള്ളവും ഉപയോഗിച്ച് പാചകം ചെയ്താണ് പരിശോധന നടത്തിയത്. സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങളിൽ പാകം ചെയ്ത 100 ഗ്രാം അരിയിൽ അലുമിനിയത്തിന്റെ അളവ് ഒരു മില്ലിഗ്രാമിൽ താഴെയായിരുന്നു. എന്നാൽ അലുമിനിയം പാത്രത്തിൽ പാകം ചെയ്ത അരിയിൽ ഇത് 19.83 മില്ലിഗ്രാമായി ഉയർന്നു.
ഹൈദരാബാദിലെ തെരുവ് ഭക്ഷണ വിൽപ്പനക്കാരിൽ 82.9 ശതമാനം പേരും അലുമിനിയം പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും സർവേ കണ്ടെത്തി. എന്നാൽ ഇവയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് 48.6 ശതമാനം പേർക്ക് മാത്രമാണ് അറിവുള്ളത്. അലുമിനിയത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാവുന്നവർ 5.7 ശതമാനം മാത്രമാണെന്നും പഠനം വ്യക്തമാക്കുന്നു.
ശരീരത്തിൽ അമിതമായി അലുമിനിയം അടിഞ്ഞുകൂടുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും നാഡീസംബന്ധമായ പ്രശ്നങ്ങൾ, ഓർമക്കുറവ്, അസ്ഥികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പാചകത്തിന് സ്റ്റീൽ, ഇരുമ്പ്, കളിമൺ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അവർ നിർദേശിക്കുന്നു.
