ആക്രമണങ്ങൾ തടയാൻ ആസിഡ് വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണം; സ്വകാര്യ വ്യക്തികളുടെ ചില്ലറ വിൽപ്പന നിരോധിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ തടയുന്നതിനായി ആസിഡ് വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികൾക്കുള്ള ആസിഡിന്റെ ചില്ലറ വിൽപ്പന പൂർണമായും നിരോധിക്കണമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഡോർ ഡെലിവറി സംവിധാനങ്ങളിലൂടെയും ആസിഡ് വിൽക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. നിയന്ത്രണമില്ലാതെ ആസിഡ് എളുപ്പത്തിൽ ലഭ്യമാകുന്നതാണ് ആക്രമണങ്ങൾ തുടരാനുള്ള പ്രധാന കാരണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് നവംബർ 23ന് സുപ്രീം കോടതി നിർണായക നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആസിഡ് വിൽപ്പന നിയന്ത്രിക്കുന്നതിന് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ താഴെത്തട്ടിൽ കൃത്യമായി നടപ്പാക്കാത്തതിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.

പുതിയ നിർദേശങ്ങൾ പ്രകാരം ഇനി മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ആസിഡ് വിൽപ്പന സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട ഫാർമസികൾ വഴി മാത്രമേ അനുവദിക്കൂ. ഇതിനായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസറുടെയോ സിവിൽ സർജന്റെയോ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. ആസിഡ് വാങ്ങുന്നവർ തിരിച്ചറിയൽ രേഖ, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, വാങ്ങുന്ന അളവ്, ഉപയോഗത്തിന്റെ ഉദ്ദേശ്യം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഫോം പൂരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ആസിഡ് ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം വാങ്ങുന്നയാൾക്കായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. വാങ്ങിയ വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ ആസിഡ് ദുരുപയോഗം ചെയ്താലും വാങ്ങുന്നയാൾ ഉത്തരവാദിയായിരിക്കും. ആവശ്യമെങ്കിൽ ഇരകൾക്ക് ചികിത്സാ ചെലവോ നഷ്ടപരിഹാരമോ നൽകുന്നതിനായി ആസിഡ് വാങ്ങുന്നയാളുടെ സ്ഥാവര സ്വത്തുക്കളുടെ വിവരങ്ങളും പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.

2013ലെ ലക്ഷ്മി വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലും വിഷവസ്തു നിയമം, 1919 പ്രകാരവും പുറപ്പെടുവിച്ച ഉത്തരവുകൾ പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെന്ന് കോടതി അതൃപ്തി രേഖപ്പെടുത്തി. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരെ പിന്തുണയ്ക്കുന്നതിനായി സമഗ്രമായ നയം രൂപീകരിക്കാനുള്ള ചുമതല നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിക്ക് (NALSA) കൈമാറി.

പ്രഥമശുശ്രൂഷ, നിയമപരമായ അവകാശങ്ങൾ, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തണമെന്നും കോടതി നിർദേശിച്ചു. പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട കോടതി, ഹർജിയിലെ തുടർവാദം ഡിസംബർ 14ലേക്ക് മാറ്റി.

മറുപടി രേഖപ്പെടുത്തുക