വിദേശ ടെസ്റ്റുകളിൽ സച്ചിനേക്കാൾ മികവ് കോഹ്‌ലിക്ക്; വാനോളം പുകഴ്ത്തി എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. വിദേശ മണ്ണിലെ ടെസ്റ്റ് മത്സരങ്ങളിൽ, പ്രത്യേകിച്ച് കടുത്ത സാഹചര്യങ്ങളിൽ, ഇന്ത്യൻ ടീമിന്റെ ആധിപത്യത്തിന് കോഹ്‌ലി നിർണായക സംഭാവന നൽകിയെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വിലയിരുത്തൽ. വിദേശ ടെസ്റ്റുകളിലെ പ്രകടനം പരിഗണിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറേക്കാൾ മികച്ചതും ശക്തവുമായ ബാറ്ററാണ് കോഹ്‌ലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഷ്യയ്ക്ക് പുറത്തുള്ള ബൗൺസും സ്വിംഗും നിറഞ്ഞ പിച്ചുകളിലും സെഞ്ച്വറി നേടാൻ ഏഷ്യൻ ബാറ്റർമാർക്ക് കഴിയുമെന്ന് ലോകത്തിന് തെളിയിച്ച താരമാണ് സച്ചിൻ ടെണ്ടുൽക്കറെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. എന്നാൽ സച്ചിൻ പടുത്തുയർത്തിയ അടിത്തറയെ കൂടുതൽ ശക്തമാക്കി ഇന്ത്യൻ ടീമിനെ വിദേശ മണ്ണിലും ആധിപത്യം പുലർത്തുന്ന നിലയിലേക്ക് എത്തിച്ചത് കോഹ്‌ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിനും കോഹ്‌ലിയുമടക്കമുള്ള ഇതിഹാസ താരങ്ങൾ കാണിച്ചുതന്ന വഴിയാണ് ഇന്നത്തെ യുവതാരങ്ങൾ പിന്തുടരുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. മികച്ച സാങ്കേതിക മികവുള്ള കെ.എൽ. രാഹുലിനെപ്പോലുള്ള താരങ്ങൾ വിദേശ സെഞ്ച്വറികൾ നേടിയാൽ അവിടെ നിർത്താതെ 180 റൺസിന് മുകളിലുള്ള വലിയ ഇന്നിങ്‌സുകളാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക